കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം.
കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോന (27) ആണ് കാറിനുള്ളില്‍ വെന്തു മരിച്ചത്.
കേസിൽ നിർണായകമായ നടുവണ്ണൂരിലെ പെട്രോൾ പമ്പിൽനിന്നുള്ള ദൃശ്യങ്ങളാണു പോലീസിന് കിട്ടിയത്. സംഭവദിവസം ഒരു സ്ത്രീ പമ്പിലെത്തി കന്നാസിൽ പെട്രോൾ വാങ്ങുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇത് സോനതന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.പെട്രോൾ വാങ്ങിയത് ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ എന്ന കാര്യമുള്‍പ്പെടെ അന്വേഷിക്കുകയാണ്.
മാതൃസഹോദരിയുടെ മകൾ അശ്വതിക്കൊപ്പമായിരുന്നു സോന സംഭവദിവസം ഷോപ്പിംഗിനു പോയത്. എന്നാൽ സാധനങ്ങൾ വാങ്ങാനായി തങ്ങൾ രണ്ടു പേരും വ്യത്യസ്ത കടകളിലേക്കു പോയെന്നും സോന എന്താണ് വാങ്ങിയതെന്നു തനിക്ക് അറിയില്ലെന്നും അശ്വതി പറഞ്ഞു.
അപകടം നടന്ന ദിവസം അശ്വതിയുടെ വീട്ടിൽനിന്നാണു സോനയെ ഭർത്താവ് രജിൻലാൽ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇരുവരും ആശുപത്രിയിലേക്കു പോയി. അവിടെനിന്ന് മടങ്ങുന്നതിനിടെയാണു കാറിനു തീപിടിച്ചത്.
അതേസമയം, കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ എന്ന് സംശയമുള്ളതായി സോനയുടെ അമ്മാവൻ സത്യൻ ആരോപിച്ചു. സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. കാറിനുള്ളിൽ തീപിടിച്ചത് പെട്രോൾ കത്തിയാണെന്ന സൂചന നേരത്തേ പോലീസിനു ലഭിച്ചിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കാറിന്റെ ഉൾവശം മാത്രം കത്തിയതിനാൽ തുടക്കംമുതലേ ദുരൂഹതയുണ്ടാക്കിയിരുന്നു. കാർ ഓടിച്ച ഭർത്താവ് രജിൻലാൽ (34) ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
നാട്ടുകാർ ഓടിക്കൂടിയാണ് കാറിലെ തീ കെടുത്തിയത്. പേരാമ്പ്ര ഡിവൈഎസ്പി എ.ടി. അഗസ്റ്റിന്, മേപ്പയ്യൂര്‍ പോലീസ് ഇന്‍സ്പക്ടര്‍ എ. അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം